
ഇതര ജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് 2020 ക്രിസ്മസ് ദിനത്തിലായിരുന്നു കൊല്ലപ്പെട്ടത്. ഇലമന്ദം കുമ്മാണി തേങ്കുറുശ്ശി ഇലമന്ദം ചെറുതുപ്പല്ലൂർ സുരേഷ്, കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ ഇന്ന് വിധിച്ചു. യാതൊരു കൂസലുമില്ലാതെയാണ് പ്രതികള്‍ കോടതി വിധി സ്വീകരിച്ചത്.
കോടതി ജഡ്ജി ആര്‍ വിനായക റാവു ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹം. പോലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമമുണ്ടായി.
അന്ന് സ്റ്റേഷനില്‍ വെച്ച് ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ മകളുടെ മുഖത്ത് നോക്കി 90 ദിവസത്തിനുളളില്‍ കൊല്ലുമെന്ന് സന്ദേശം മുഴക്കിയിരുന്നു. കൃത്യം 88 -ാം ദിവസം അച്ഛനും അമ്മാവന്‍ സുരേഷും ചേര്‍ന്ന് ക്രൂര കൊലപാതകം നടപ്പാക്കി.വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കേസില്‍ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്.
ഭര്‍ത്താവിനെ സ്വന്തം അച്ഛനും അമ്മാവനും കൊലപ്പെടുത്തിയെങ്കിലും അനീഷിന്റെ അച്ഛനേയും അമ്മയേയും വിട്ടുപോകില്ലെന്ന തീരുമാനത്തിലാണ് ഹരിത. അന്നു മുതലിങ്ങോട്ട് അവരുടെ മകളായാണ് അവളുടെ ജീവിതം.ആറു മണിയോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു അനീഷും സഹോദരന്‍ അരുണും. വീടിന് അടുത്തുള്ള മാന്നാംകുളമ്ബില്‍ പ്രതികളായ പ്രഭുകുമാറും സുരേഷ് കുമാറും അനീഷിനെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
ആദ്യം ബൈക്ക് തടഞ്ഞു നിര്‍ത്തി. പിന്നാലെ സഹോദരനെ തള്ളിയിട്ടു. ഇരുമ്ബ് ദണ്ഡ് കൊണ്ട് അനീഷിനെ അടിച്ചു വീഴ്ത്തി. നെഞ്ചില്‍ കത്തികൊണ്ട് കുത്തി. ആളുകള്‍ ഓടിക്കൂടും മുമ്ബെ പ്രതികള്‍ കൃത്യം നിര്‍വഹിച്ചു കടന്നു കളഞ്ഞിരുന്നു. കോയമ്ബത്തൂരിലെ ബന്ധു വീട്ടില്‍ നിന്നായിരുന്നു പ്രതികളെ പോലിസ് പിടികൂടിയത്.പ്രധാനസാക്ഷിയായ അനീഷിന്റെ സഹോദരന്‍ അരുണിന്റെ മൊഴിയും കേസന്വേഷണത്തില്‍ നിര്‍ണായകമായി.