Banner Ads

നൂറിലേറെ മോഷണക്കേസുകളിലെ പ്രതി മഞ്ചേരിയിൽ പിടിയിൽ; മോഷണപ്പണം കൊണ്ട് ആഡംബര ജീവിതം

മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലധികം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ മഞ്ചേരി പൊലീസ് പിടികൂടി. തേഞ്ഞിപ്പലം സ്വദേശി കിഴക്കേക്കോട്ടായി പാലക്കാട്ടു വീട്ടിൽ സൈനുദ്ദീൻ (43) ആണ് അറസ്റ്റിലായത്. മഞ്ചേരി നഗരത്തിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ചായിരുന്നു ഇയാൾ മോഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ആളില്ലാത്ത വീടുകൾ മാത്രം കൃത്യമായി നിരീക്ഷിച്ച് കണ്ടെത്തി മോഷണം നടത്തുന്നതായിരുന്നു സൈനുദ്ദീന്റെ രീതി.

ഒരു പ്രദേശത്ത് മോഷണം നടത്തിയ ശേഷം ഉടൻ മറ്റൊരു ജില്ലയിലേക്ക് കടക്കുകയും, മോഷണമുതൽ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് അവിടെ ആർഭാട ജീവിതം നയിക്കുകയുമായിരുന്നു ഇയാളുടെ പതിവ്. പൊലീസ് അന്വേഷണം തനിക്ക് നേരെ നീങ്ങുന്നുവെന്ന് മനസ്സിലാക്കുമ്പോൾ ഉടൻ താമസസ്ഥലം മാറുന്നതും പ്രതിയുടെ രീതിയായിരുന്നു.മഞ്ചേരിയിലെ കരുവമ്പ്രം, നറുകര മേഖലകളിൽ അടുത്തിടെ വ്യാപകമായി മോഷണങ്ങൾ നടന്നിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ ഊർജ്ജിത അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതും സമാന രീതിയിൽ മുൻപ് നടന്ന മോഷണങ്ങളുടെ വിവരങ്ങൾ ശേഖരിച്ചതും അന്വേഷണത്തിൽ നിർണായകമായി.ജില്ലകൾ മാറി താമസിക്കുന്ന പ്രതിയെ പിടികൂടാനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശിശിര ശശികുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥരായ ഉബൈദുല്ല, സാലിം, ധനേഷ്, ബിജു, മുജീബ് എന്നിവരും സൈബർ വിഭാഗവും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിക്ക് മറ്റ് ജില്ലകളിലെ കേസുകളുമായുള്ള ബന്ധത്തെക്കുറിച്ചും മോഷണത്തിന് ഉപയോഗിച്ച രീതികളെക്കുറിച്ചും പൊലീസ് കൂടുതൽ പരിശോധന നടത്തിവരികയാണ്.