
കോട്ടയം: പനി ബാധിച്ച ഒൻപത് വയസ്സുകാരിയുമായി മരുന്നുവാങ്ങാൻ പോകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കനാലിൽ വീണ് അപകടം. ഭാഗ്യം കൊണ്ടും കനാലിലെ പ്രത്യേക സാഹചര്യം കൊണ്ടുമാണ് കാറിലുണ്ടായിരുന്ന അച്ഛനും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.ബുധനാഴ്ച വൈകീട്ട് 4.30-ഓടെ അരുണാശ്ശേരിയിലാണ് സംഭവം.
അരുണാശ്ശേരി താന്നിനിൽക്കുംതടത്തിൽ സന്തോഷ് (50), മകൾ നാലാം ക്ലാസ് വിദ്യാർഥി അൽഫോൻസാ എന്നിവരാണ് അപകടത്തിൽപെട്ടത്.നിയന്ത്രണംവിട്ട കാർ കനാലിലേക്ക് പതിച്ചെങ്കിലും, വെള്ളമില്ലാത്തതും കനാലിൽ നിറയെ പുല്ല് നിറഞ്ഞുകിടന്നതും വലിയ ആഘാതം കുറച്ചു. കാർ നേരെ ഓടിച്ചിറങ്ങിയ നിലയിലായതിനാൽ മറിയാതിരുന്നതും ഇരുവരുടെയും രക്ഷയ്ക്ക് കാരണമായി.
നാട്ടുകാരനായ ജോണിച്ചൻ പൂമരത്തേൽ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും കാർ ഉടൻ കരയ്ക്കുകയറ്റാൻ സാധിച്ചില്ല. പിന്നീട് ക്രെയിൻ എത്തിച്ചാണ് വാഹനം കനാലിൽനിന്ന് പുറത്തെടുത്തത്.കനാൽ റോഡിന്റെ വശങ്ങൾ കാട് മൂടി കിടക്കുന്നതാണ് ഈ മേഖലയിൽ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.