Banner Ads

ലോറിയിലേക്ക് തടി കയറ്റുന്നതിനിടെ അപകടം; കുളത്തൂപ്പുഴ സ്വദേശിയായ തൊഴിലാളി മരിച്ചു

പത്തനംതിട്ട : അടൂരിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിലേക്ക് തെറിച്ചുവീണ് തൊഴിലാളി മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് തകരമൺ പൂവണത്തുമൂട് ഉന്നതി സ്വദേശി സാംബൻ (46) ആണ് മരിച്ചത്. അടൂർ കണ്ണങ്കോട് ഭാഗത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്ന് മുറിച്ച മരങ്ങൾ ലോറിയിലേക്ക് കയറ്റുന്നതിനിടെ അപ്രതീക്ഷിതമായി തടികഷ്ണം തെറിച്ച് സാംബന്റെ ദേഹത്ത് പതിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ സാംബനെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയോധികയായ അമ്മയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു സാംബൻ.