Banner Ads

കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം: വിദ്യാർത്ഥിനികൾ ആശുപത്രിയിൽ; ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയിൽ

കണ്ണൂർ : കണ്ണൂർ താവക്കരയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വടകര റൂട്ടിലോടുന്ന ഐവാൻ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിനികളായ ആവണി, സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്.

വളരെ തിരക്കേറിയ താവക്കര ജങ്ഷനിൽ നിന്ന് അമിതവേഗതയിൽ വളവ് തിരിഞ്ഞുവന്ന ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. അപകടം നടന്നയുടൻ പ്രദേശവാസികളും പൊലീസും ചേർന്ന് വിദ്യാർത്ഥികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സംഭവത്തിൽ ബസ് ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.