
കോട്ടയം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ താൽക്കാലികമായി സ്ഥാപിച്ച ഗ്യാലറി തകർന്നു വീണ് പതിനഞ്ചോളം വിദ്യാർഥികൾക്ക് പരിക്ക്. ഇന്ന് രാവിലെ 8.45-ഓടെയാണ് സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല.
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എൻ.സി.സി., എൻ.എസ്.എസ്. വിദ്യാർഥികൾ ചേർന്ന് സംഘടിപ്പിച്ച സംയുക്ത പരിപാടിക്കായി ഗ്രൗണ്ടിൽ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വിവിധ യൂണിറ്റുകളിൽ നിന്നുള്ള വിദ്യാർഥികൾ ഹാജർ എടുക്കുന്നതിനായി താൽക്കാലിക ഗ്യാലറിയിൽ കയറി നിന്നപ്പോഴാണ് അത് തകർന്നുവീണത്. അപകടത്തിൽ വിദ്യാർഥികളുടെ കാൽ ഇടയിൽ കുടുങ്ങി പരിക്കേൽക്കുകയായിരുന്നു.
പരിക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.