
തൃശ്ശൂർ : ചെറുതുരുത്തി വെട്ടിക്കാട്ടിരിക്ക് സമീപം റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവതിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ഇന്നലെ (ബുധനാഴ്ച) രാത്രി 10 മണിയോടെ കഫേ മെക്കാനി ഹോട്ടലിന് സമീപമായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചേലക്കര സ്വദേശിനിയായ യുവതി ഹോട്ടലിന്റെ ഭാഗത്തേക്ക് റോഡ് മുറിച്ചു കടക്കുമ്പോളാണ് അപകടം ഉണ്ടായത്.
തൃശ്ശൂർ ഭാഗത്തുനിന്ന് ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്ന മുള്ളൂർക്കര സ്വദേശി മണികണ്ഠൻ ഓടിച്ചിരുന്ന ബൈക്കാണ് യുവതിയെ ഇടിച്ചത്. അപകടത്തിൽപ്പെട്ട യുവതിക്കും ബൈക്ക് യാത്രികനായ മണികണ്ഠനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ഓട്ടുപാറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഇരുവരേയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.