Banner Ads

വിദ്യാഭ്യാസ പദ്ധതികൾക്ക് ഉണർവ്: സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു

ന്യൂഡൽഹി: കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) ഫണ്ടിൻ്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് നിലവിൽ സംസ്ഥാനത്തിൻ്റെ കൈവശം എത്തിയിരിക്കുന്നത്. രണ്ടും മൂന്നും ഗഡുക്കളും താമസിയാതെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പി.എം. ശ്രീ പദ്ധതിയുടെ കരാറിൽ സംസ്ഥാനം ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ ധനസഹായം ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്.

പദ്ധതിയിൽനിന്ന് പിന്മാറാനുള്ള തീരുമാനം സംസ്ഥാന സർക്കാർ എടുത്തിരുന്നെങ്കിലും, പിൻമാറ്റം സംബന്ധിച്ച ഔദ്യോഗിക കത്ത് കേന്ദ്രത്തിന് അയക്കുന്നതിൽ വരുത്തിയ കാലതാമസം നിലവിൽ കേരളത്തിന് ഗുണകരമായി. കത്ത് അയക്കാതെ കേരളം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.പദ്ധതിയിൽനിന്ന് പൂർണ്ണമായി പിന്മാറുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു.

സിപിഐയുടെ നിലപാട് ഫണ്ട് ലഭിച്ച ഈ സാഹചര്യത്തിൽ, സംസ്ഥാനത്തെ പ്രധാന ഘടകകക്ഷിയായ സിപിഐക്ക് ഈ വിഷയത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിലെ കാലതാമസം മൂലം നിർത്തിവെച്ച ഫണ്ട് കേരളത്തിന് ലഭിക്കുകയും, ഇത് സംസ്ഥാന സർക്കാരിനും ഘടകകക്ഷികൾക്കുമിടയിൽ രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്.