Banner Ads

ലഹരിക്കേസ് പ്രതിയായ അമ്മയുടെ ജയിൽ സൗഹൃദം; ഒരു വർഷത്തോളം വീട്ടിൽ താമസിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച യുവതി പിടിയിൽ

കാസർകോട് : വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിയഞ്ചുകാരിയായ സ്നേഹ മെർലിനെതിരെ മേൽപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് അതീവ ഗുരുതരവും ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങളാണ് പുറത്തുവരുന്നത്.

ലഹരി വിൽപനക്കേസിൽ പ്രതിയായ പെൺകുട്ടിയുടെ അമ്മ കണ്ണൂർ ജയിലിൽ വെച്ചാണ് സ്നേഹ മെർലിനെ പരിചയപ്പെടുന്നത്. ജയിൽ മോചിതയായ ശേഷം അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷത്തോളം പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നു.

അമ്മ വീട്ടിലുള്ളപ്പോഴും സ്നേഹ പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടിയുടെ മൊഴി. ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അച്ഛനും പോക്സോ കേസിൽ ജയിലിലാണ്. സംഭവം നടന്ന സമയത്ത് ഭയം കാരണം പെൺകുട്ടി ആരോടും വിവരം പറഞ്ഞിരുന്നില്ല.

പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയ ശേഷം നടത്തിയ കൗൺസിലിംഗിലാണ് സ്നേഹ മെർലിൻ തനിക്കുനേരെ നടത്തിയ അതിക്രമങ്ങൾ വെളിപ്പെടുത്തിയത്. ഇതോടെ സ്നേഹ മെർലിനെതിരെയുള്ള പോക്സോ കേസുകളുടെ എണ്ണം നാലായി.

2025 മാർച്ചിൽ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് പോലീസ് സ്നേഹയെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങളടങ്ങിയ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ വിവരമറിയിക്കുകയും ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിൽ പീഡനവിവരം പുറത്തുവരുകയുമായിരുന്നു.