Banner Ads

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ആക്ഷൻ ഹീറോ ബിജു താരം അൽകു മദ്യവിൽപനക്കിടെ പിടിയിൽ

കൊച്ചി : സെൽഫിയിലൂടെ സിനിമയിലെത്തി ശ്രദ്ധേയനായ അൽകു എന്ന ഷഫീഖ് (33) കൊച്ചിയിൽ എക്സൈസ് പിടിയിലായി. രാത്രികാലങ്ങളിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചുനൽകുന്നതിനിടെയാണ് 52 ലിറ്റർ മദ്യവുമായി തിരൂരങ്ങാടി സ്വദേശിയായ ഷഫീഖിനെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയിൽ നിന്ന് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 37.7 ലിറ്റർ (58 കുപ്പി) ബിയറും എക്സൈസ് പിടിച്ചെടുത്തു.

മദ്യക്കടത്തിന് ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. അൽകു എന്ന പേര് പോലും ഇയാൾക്ക് ലഭിച്ചത് ഈ മദ്യവിൽപ്പനയിലൂടെയാണെന്ന് പോലീസ് പറഞ്ഞു. ഒരിക്കൽ തനിക്ക് പെറ്റി അടിച്ച പോലീസ് ഉദ്യോഗസ്ഥനെ ചേർത്തുനിർത്തി ഷഫീഖ് എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിലൂടെയാണ് ഓട്ടോർഷ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. തുടർന്ന് ആക്ഷൻ ഹീറോ ബിജു ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു.