
തിരുവനന്തപുരം: അമ്പൂരി കാരിക്കുഴിയിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. നാല് വയസ്സ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് കാരിക്കുഴി സ്വദേശി ഷൈജുവിന്റെ റബർ തോട്ടത്തിലെ കെണിയിൽ കുടുങ്ങിയത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കാരിക്കുഴി സ്വദേശിയായ സുരേഷ് പുലിയെ ആദ്യം കാണുന്നത്. പുലിയെ കണ്ട് ഓടുന്നതിനിടെ പാറക്കെട്ടിൽ വീണ് സുരേഷിന് പരിക്കേറ്റു. പിന്നാലെ, പുലി പന്നികൾക്കായി വെച്ച കമ്പിക്കെണിയിൽ കുടുങ്ങുകയായിരുന്നു.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഡോക്ടർ അരുൺ കുമാറിൻ്റെ നേതൃത്വത്തിൽ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. മയങ്ങിയ പുലിയെ വലയിലാക്കി നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.