Banner Ads

കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനം; സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ജനവഞ്ചനയെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖർ. നിലവിൽ 5.07 ലക്ഷം കോടി രൂപയുടെ കടത്തിൽ മുങ്ങിനിൽക്കുന്ന കേരളത്തിന് കൂടുതൽ ബാധ്യത വരുത്തിവെക്കുന്നതാണ് ഈ പ്രഖ്യാപനങ്ങൾ.

രാഹുൽ ഗാന്ധി ജനങ്ങൾക്ക് നൽകിയ അഞ്ച് ഇന്ദിരാ ഗ്യാരന്റി വാഗ്ദാനങ്ങളിൽ മൂന്നെണ്ണവും ആദ്യ ബജറ്റിൽ തന്നെ സർക്കാർ കാറ്റിൽപ്പറത്തിയെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ബജറ്റിൽ ഇതിനായി നീക്കിവെച്ചത് വെറും 10 കോടി രൂപ മാത്രമാണ്.

ഇത് കണക്കാക്കിയാൽ കേരളത്തിലെ 90 ലക്ഷത്തോളം വരുന്ന കുടുംബങ്ങളിൽ ഒന്നിന് വെറും 11 രൂപ 11 പൈസ വീതമേ ലഭിക്കൂ. ഇത് ജനങ്ങളെ പരിഹസിക്കലാണ്. ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന പ്രഖ്യാപനം ബജറ്റിൽ നടപ്പിലായില്ല. യുവാക്കൾക്കായി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ലോൺ പദ്ധതിയും വെറും വാഗ്ദാനമായി ഒതുങ്ങി.

പൊതുമേഖലാ സ്ഥാപനങ്ങളും ആസ്തികളും വൻതോതിൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് ബജറ്റിലൂടെ കോൺഗ്രസ് സർക്കാർ ലക്ഷ്യമിടുന്നത്. ഒരിക്കലും നടപ്പിലാക്കാത്ത വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നതാണ് കോൺഗ്രസിന്റെ രാഷ്ട്രീയ ശൈലി. രാഷ്ട്രീയ വ്യാമോഹങ്ങളല്ല, സാമ്പത്തിക അച്ചടക്കവും അഴിമതിയില്ലാത്ത ഭരണവുമാണ് മലയാളിക്ക് ആവശ്യമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.