
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ടൗൺ പരിസരത്ത് കഴിഞ്ഞ ദിവസം നാലുപേരെ കടിക്കുകയും ഭീതി പരത്തുകയും ചെയ്ത തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മനുഷ്യരെ കൂടാതെ, സമീപത്തെ രണ്ട് പശുക്കളെയും മറ്റ് വളർത്തുമൃഗങ്ങളെയും ഈ നായ കടിച്ചിരുന്നതായി വിവരമുണ്ട്. പിന്നീട് നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊല്ലുകയായിരുന്നു. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, വടക്കഞ്ചേരി പ്രദേശത്ത് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നായയുടെ കടിയേറ്റവർ എത്രയും വേഗം വൈദ്യസഹായം തേടണമെന്നും വളർത്തു മൃഗങ്ങൾക്ക് പേവിഷബാധ വാക്സിൻ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.