Banner Ads

സത്യസന്ധതയുടെ തിളക്കം: 15 പവൻ സ്വർണ്ണം കളഞ്ഞുകിട്ടി, പോലീസിൽ ഏൽപ്പിച്ച് യുവാവ്

പാലക്കാട് :പട്ടാമ്പിയിൽ കളഞ്ഞ് കിട്ടിയ 15 പവനോളം സ്വർണ്ണാഭരണവും പണവുമടങ്ങിയ ബാഗ് പോലീസിൽ ഏൽപ്പിച്ച് യുവാവിന്റെ മാതൃക. അന്വേഷണത്തിൽ ബാഗിന്റെ ഉടമയെയും കണ്ടെത്തി. രാത്രിയിൽ പട്ടാമ്പി കല്പക ജംക്ഷന് സമീപത്ത് നിന്നാണ് ഓങ്ങല്ലൂർ സ്വദേശി കുന്നംകുളത്തിങ്ങൽ അബ്ദുൾ ഷബാദിന് ബാഗ് ലഭിച്ചത്.

നോക്കിയപ്പോൾ സ്വർണ്ണവും പണവും വേണ്ടപ്പെട്ട രേഖകളും കണ്ടു. തുടർന്നാണ് ബാഗ് കിട്ടിയ വിവരം പട്ടാമ്പി പോലീസിനെ ഏല്പിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാഗ് പട്ടാമ്പി സ്വദേശി ബിന്ദുവിന്റേതാണെന്നു കണ്ടെത്തി. ഇന്നലെ രാവിലെ എട്ടുമണിയോടെ പട്ടാമ്പി പോലീസ് സ്റ്റേഷൻ പരിസരത്തുനിന്നും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബാഗ് നഷ്ടമായത്.

തുടർന്ന് സബാദ് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ എത്തി ബാഗ് സി.ഐ അൻഷാദിന് കൈമാറി. മാതൃകാ പ്രവർത്തനം നടത്തിയ യുവാവിനെ പോലിസുകാർ ഒന്നടങ്കം അനുമോദിച്ചു.ബിന്ദുവും സഹോദരി സുജാതയും കുടുംബ സമേതം ജാർഖണ്ഡിലേക്ക് പോകുന്നതിനിടെയാണ് ബാഗ് നഷ്ടപ്പെട്ടത്.

ബാഗിൽ 15 പവനോളം സ്വർണ്ണാഭരണങ്ങളും വസ്ത്രവും ആധാർ, ATM, ക്രഡിറ്റ് കാർഡ് തുടങ്ങിയ പ്രധാന രേഖകളും ഉണ്ടായിരുന്നു. ബാഗ് നഷ്ടമായ വിവരം സമൂഹമാധ്യങ്ങളിലൂടെ അറിയിക്കുകയുംചെയ്തിരുന്നു. ബാഗ് ലഭിച്ച വിവരം അറിഞ്ഞ സുജാത ചെന്നൈയിൽ ഇറങ്ങി പട്ടാമ്പിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.