
അമ്മ എന്നത് കേവലം ഒരു വാക്കൊന്നുമല്ല അതൊരു സാന്ദ്രമായ സമുദ്രമാണ്. ജീവൻ രൂപപ്പെടുന്ന ഗർഭപാത്രത്തിൽ തുടങ്ങി, കാലങ്ങൾ കടന്ന് കുഞ്ഞ് വലുതായി സ്വന്തം കാലിൽ നിൽക്കുമ്പോൾ പോലും ആ ബന്ധത്തിന്റെ ഊഷ്മളത കുറയുന്നില്ല. മറിച്ച്, അതിന്റെ രൂപങ്ങൾ മാറുന്നു എന്ന് മാത്രം.
ഒരു ജീവൻ പിറവിയെടുക്കുന്നതിന് ഏറെ മുൻപ് തന്നെ അമ്മയും കുഞ്ഞും തമ്മിലുള്ള സംഭാഷണം ആരംഭിക്കുന്നുണ്ട്. അമ്മ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയും കേൾക്കുന്ന പാട്ടുകളുടെ ഈണവും ആ കുഞ്ഞ് അറിയുന്നു. വയറ്റിൽ ഇരുന്നുകൊണ്ട് കുഞ്ഞുതള്ളുന്ന ചെറിയ തൊഴികൾ അമ്മയോടുള്ള ആദ്യത്തെ മിണ്ടാപ്രാവിന്റെ വർത്തമാനമാണ്.
ഞാനവിടെയുണ്ട്, അമ്മേ എന്ന് കുഞ്ഞ് ഓർമ്മപ്പെടുത്തുന്ന നിമിഷങ്ങളാണ് അത്. ലോകത്തിലേക്ക് കണ്ണുതുറക്കുമ്പോൾ അമ്മയാണ് കുഞ്ഞിന് ആദ്യത്തെ ആകാശം. കൊച്ചുകാലടികൾ വെക്കുമ്പോഴും, വീണ് പരിക്കുപറ്റുമ്പോഴും അലറിക്കരഞ്ഞുകൊണ്ട് ഓടിയെത്തുന്നത് അമ്മയുടെ നെഞ്ചിലേക്കാണ്.
എന്നാൽ കാലം മുന്നോട്ട്. പോകുന്തോറും മക്കൾ വളരുന്നു. സ്കൂൾ കാലവും കൗമാരവും യൗവനവുമൊക്കെ കടന്നുവരുമ്പോൾ പലപ്പോഴും ഈ ബന്ധങ്ങളിൽ അകൽച്ച വീഴാറുണ്ട്. തെറ്റുകൾ ചെയ്യുമ്പോഴുള്ള ശിക്ഷയെക്കുറിച്ചുള്ള ഭയം കാരണം പല കുട്ടികളും പല കാര്യങ്ങളും അമ്മമാരിൽ നിന്ന് മറച്ചുവെക്കാൻ തുടങ്ങുന്നു.
എന്തും തുറന്നു പറയാവുന്ന സൗഹൃദം ഇവിടെയാണ് യഥാർത്ഥ മാതൃത്വത്തിന്റെ സൗന്ദര്യം ഇരിക്കേണ്ടത്. മകൻ അല്ലെങ്കിൽ മകൾ എന്തു തെറ്റ് ചെയ്താലും, എന്ത് വലിയ പ്രതിസന്ധിയിൽ അകപ്പെട്ടാലും ഭയമില്ലാതെ ആദ്യം വന്ന് അമ്മയോട് പറയാൻ കഴിയണം. അമ്മേ, എനിക്കൊരു തെറ്റ് പറ്റി.
അമ്മേ, എനിക്ക് ഇയാളെ ഇഷ്ടമാണ്. അമ്മേ, എനിക്ക് വല്ലാത്ത പേടിയാകുന്നു. ഇങ്ങനെ മടിയോ ഭയമോ കൂടാതെ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി സ്വന്തം ഉള്ളിലെന്ത് കിടക്കുന്നുവോ അത് തുറന്നു പറയാൻ ആ കുട്ടിക്ക് സ്വാതന്ത്ര്യം ഉണ്ടാകണം. നീ എന്ത് കാണിച്ചു വെച്ചു എന്ന് ദേഷ്യപ്പെടുന്നതിന് പകരം, സാരമില്ല,
അമ്മ കൂടെയുണ്ട്, നമുക്ക് ഇത് ശരിയാക്കാം എന്ന് ചേർത്തുപിടിക്കുന്ന കൈകളായിരിക്കണം അമ്മയുടേത്. ഒരു കാലഘട്ടത്തിന്റെ മാജിക് കുഞ്ഞ് വലുതായി സ്വന്തം ജീവിതം നയിക്കാൻ തുടങ്ങുമ്പോഴും ഈ മാനസിക അടുപ്പം നിലനിൽക്കണം.
ലോകം മുഴുവൻ എതിർത്താലും അമ്മ തനിക്കൊപ്പമുണ്ട് എന്ന തോന്നൽ ഏത് വലിയ പ്രതിസന്ധിയെയും തരണം ചെയ്യാൻ മക്കൾക്ക് ഊർക്കം നൽകും. അമ്മ എപ്പോഴും സർവ്വജ്ഞപീഠത്തിലിരിക്കുന്നവളോ, തെറ്റുകൾ പറ്റാത്തവളോ അല്ല. അവളും ഒരു മനുഷ്യസ്ത്രീയാണ്. അവൾക്കും വീഴ്ചകൾ പറ്റാം, കണ്ണുനീർ വീഴാം,
നിസ്സാരതകളിൽ തളർന്നുപോകുന്ന നിമിഷങ്ങൾ ഉണ്ടാകാം. പരസ്പരം എല്ലാം തുറന്നുപറയുന്ന ഒരിടത്ത്, അമ്മ മകന്റെ മുന്നിൽ ഒരു സൂപ്പർ ഹീറോ ആകേണ്ടതില്ല. അമ്മയുടെ തോൽവികളും തുറന്നുപറച്ചിലുകളും മകനേ, അമ്മയ്ക്ക് ഇന്ന് ഒന്നിനും വയ്യ, എന്ന് മകനോട് പറയാൻ ഒരമ്മയ്ക്ക് മടി തോന്നരുത്.
തനിക്ക് പറ്റിയ ചെറിയ അബദ്ധങ്ങളോ, അല്ലെങ്കിൽ ജീവിതത്തിലെ വലിയ പ്രതിസന്ധികളോ മകന്റെ മുന്നിൽ തുറന്നിടാൻ അമ്മ തയ്യാറാകുമ്പോൾ, അവിടെ മകൻ അമ്മയുടെ സംരക്ഷകനായി വളരുന്നു. അമ്മ വിഷമിക്കേണ്ട, ഞാൻ കൂടെയുണ്ടല്ലോ എന്ന് മകൻ തോളിൽ തട്ടുമ്പോൾ കിട്ടുന്ന ആശ്വാസം,
ഒരു അമ്മയെ സംബന്ധിച്ച് എല്ലാ ലോകത്തിന്റെയും സുരക്ഷിതത്വത്തേക്കാൾ വലുതാണ്. അമ്മയും മക്കളും തമ്മിലുള്ള ഈ സുതാര്യമായ സ്നേഹബന്ധം ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്ന ഏറ്റവും വലിയ മാന്ത്രികവിദ്യയാണ്.
മക്കൾ എത്ര വലുതായാലും അമ്മയുടെ മുൻപിൽ അവർ എപ്പോഴും കുട്ടികൾ തന്നെയാണ്. എല്ലാ രഹസ്യങ്ങളും പങ്കുവെക്കുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടവും ആ അമ്മയുടെ നെഞ്ചുതന്നെയാണ്….
സിന്ധു രാജീവ്
മാധ്യമ പ്രവർത്തക