Banner Ads

വൻ ദുരന്തം ഒഴിവായി; കോവളത്ത് ബോട്ട് മറിഞ്ഞ് അപകടം, 5 പേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കോവളത്ത് ഇന്ന് രാവിലെ നടന്ന സ്പീഡ് ബോട്ട് അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ഒരാൾക്ക് കാലിന് പരിക്കേറ്റു. സേലം സ്വദേശികളായ സുരേഷ്, മോഹൻ, തമിഴ്ശെൽവി, ഏഴു വയസുകാരിയായ ധന്യ ശ്രീ, ശരൺ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.ബോട്ട് കടലിൽ ഇറക്കുന്നതിനിടെ എഞ്ചിൻഭാഗം മണ്ണിൽ ഇടിക്കുകയും ബോട്ട് ചരിയുകയും ചെയ്തു.

ഈ സമയം ശക്തമായ തിരയടിച്ചതോടെ ബോട്ട് പൂർണ്ണമായും കമഴ്ന്ന് യാത്രക്കാർ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു.സൂപ്പർവൈസർ ഇൻ ചാർജ് വെമ്പായം വിജയകുമാറിൻ്റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുമാരായ അഭിറാം, റോബിൻസൺ, മിഥുൻ, അരവിന്ദ്, മനോഹരൻ എന്നിവരടങ്ങുന്ന സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും അഞ്ചുപേരെയും സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയും ചെയ്തു. പരിക്കേറ്റയാൾക്ക് പ്രാഥമിക ചികിത്സ നൽകി.ശനിയാഴ്ചയും സമാനമായ അപകടത്തിൽ 12 വയസുകാരി ഉൾപ്പെടെ മൂന്നുപേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയിരുന്നു.

ഈ സംഭവത്തെ തുടർന്ന്, കോസ്റ്റൽ പോലീസ് ബോട്ടുടമകളെ വിളിച്ചുചേർത്ത് സുരക്ഷാ യോഗം നടത്തിയിരുന്നു. സുരക്ഷാ മുൻകരുതലുകൾ, രജിസ്റ്റർ സൂക്ഷിക്കൽ, സമയ ക്ലിപ്തത എന്നിവ ഉറപ്പാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്ന് വീണ്ടും അപകടമുണ്ടായത്.തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ കോവളത്ത് താത്കാലികമായി ബോട്ട് സവാരി നിർത്തിവയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകി.