
മസ്കത്ത്: ക്രിസ്മസ്–പുതുവത്സര അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്ന ഒമാനിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. ഡിസംബർ 10-ന് ശേഷം ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ ഇരട്ടിയിലധികമായാണ് വർധിച്ചിരിക്കുന്നത്. ഇതിനുപുറമെ ഒമാൻ എയർ ശീതകാല ഷെഡ്യൂളിൽ നിന്ന് മസ്കത്ത്–കോഴിക്കോട് സർവീസ് ഒഴിവാക്കിയതും പ്രവാസികളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഒക്ടോബർ 23 മുതൽ 2027 മാർച്ച് വരെയുള്ള ശീതകാല ഷെഡ്യൂളിൽ നിന്നാണ് ഒമാൻ എയർ മസ്കത്ത്–കോഴിക്കോട് റൂട്ട് ഒഴിവാക്കിയത്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ നാല് ദിവസം മാത്രമാണ് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നത്. വിമാനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ മറ്റ് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ ഉയർത്തുകയായിരുന്നു.
മലബാർ മേഖലയിലുള്ള പ്രവാസികളെയാണ് ഈ യാത്രാദുരിതം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്.
ടിക്കറ്റ് നിരക്ക് താങ്ങാനാവാത്തവിധം ഉയർന്നതോടെ, കുറഞ്ഞ വരുമാനക്കാരായ പല പ്രവാസികളും മാസങ്ങളോളം സ്വരുക്കൂട്ടിയ സമ്പാദ്യം യാത്രയ്ക്കായി മാത്രം ചെലവഴിക്കേണ്ട ഗതികേടിലാണ്.തിരക്കേറിയ ഉത്സവ സീസണിൽ കൂടുതൽ സർവീസുകൾ അനുവദിച്ചും അമിതമായ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിച്ചും പ്രവാസികളുടെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് പ്രവാസി സംഘടനകളുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം.