
ലണ്ടൻ : ലോകമെമ്പാടും കോടിക്കണക്കിന് വായനക്കാരെ സൃഷ്ടിച്ച പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. തിങ്കളാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ ആദം ആൻഡ് ഈവ് പുറത്തിറങ്ങാനിരിക്കെയാണ് വിയോഗമെന്ന് പ്രസാധകരായ ഹാർപ്പർ കോളിൻസ് അറിയിച്ചു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യജീവിതത്തിൽ 30 കോടിയിലധികം പുസ്തകങ്ങളാണ് ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടത്. കെയ്ൻ ആൻഡ് ഏബൽ, ക്ലിഫ്ടൺ ക്രോണിക്കിൾസ് തുടങ്ങിയവ അദ്ദേഹത്തിന്റെ വിഖ്യാത കൃതികളിൽ ചിലതാണ്. കൺസർവേറ്റീവ് പാർട്ടിയിലൂടെയാണ് ജെഫ്രി ആർച്ചർ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
1969ൽ ലിങ്കൺഷയറിലെ ലൗത്ത് മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വർഷത്തോളം എംപിയായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് കൺസർവേറ്റീവ് പാർട്ടി ഡെപ്യൂട്ടി ചെയർമാൻ പദവിയിലുമെത്തി. ഡെയ്ലി സ്റ്റാർ പത്രത്തിനെതിരായ മാനനഷ്ടക്കേസിൽ കോടതിയിൽ വ്യാജ തെളിവുകൾ നൽകിയതിനെ തുടർന്ന് ആർച്ചർ നിയമനടപടി നേരിട്ടു.
2001ൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹം 2003ലാണ് ജയിൽമോചിതനായത്. രാഷ്ട്രീയത്തിലെ തിരിച്ചടികൾക്കും വ്യക്തിപരമായ വിവാദങ്ങൾക്കും ശേഷവും ലോക സാഹിത്യ രംഗത്തെ ഏറ്റവും ജനപ്രിയനായ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനായി തുടരാൻ അദ്ദേഹത്തിന് സാധിച്ചു.