
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ രാജി വാർത്തകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരോഗ്യപരമായ കാരണങ്ങളാലും ജോലിഭാരത്താലും ആർ ശ്രീലേഖ ആദ്യം രാജിക്കത്ത് നൽകിയിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ സ്ഥിരീകരിച്ചു.
എന്നാൽ നിലവിൽ ആ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചിട്ടുണ്ടെന്നും വിഷയം വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കൗൺസിലറായി തുടരാൻ കഴിഞ്ഞേക്കില്ലെന്ന ചിന്തയിലാണ് ശ്രീലേഖ ഇത്തരമൊരു തീരുമാനമെടുത്തതെന്നും അത് ജനനന്മ മുൻനിർത്തി എടുത്ത തീരുമാനമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
അതേസമയം ശ്രീലേഖ രാജിക്കത്ത് കൈമാറിയിട്ടില്ലെന്ന നിലപാടിലാണ് തിരുവനന്തപുരം മേയർ വി വി രാജേഷ്. ശ്രീലേഖ കൗൺസിലറായി തന്നെ തുടരുമെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയ മേയർ വാർഡിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളടങ്ങിയ കത്താണ് അവർ നൽകിയതെന്നും വ്യക്തമാക്കി.
ജനപ്രതിനിധികൾ ഇത്തരം കത്തുകൾ നൽകുന്നത് സ്വാഭാവികമാണെന്നും അതിൽ പറയുന്ന കാര്യങ്ങളിൽ ചിലത് പാർട്ടിയുടെയും ചിലത് മേയറുടെയും തലത്തിൽ പരിഹരിക്കേണ്ടതാണെന്നും വി വി രാജേഷ് ചൂണ്ടിക്കാട്ടി.