
തിരുവനന്തപുരം : കേരളത്തിലെ വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്വന്തം സംസ്ഥാനത്തെ ഉദ്യോഗാർത്ഥികളുടെ കണ്ണീര് കാണാതെ ഡൽഹിയിൽ പോയി പല കാര്യങ്ങളും വിളിച്ചുപറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ പി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെയും സിജെപിയുടെയും നാടകങ്ങൾക്ക് മുഖ്യമന്ത്രിയും സർക്കാരും കൂട്ടുനിൽക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ഉദ്യോഗാർത്ഥികൾ നേരിടുന്ന തസ്തിക നിർണ്ണയ-നിയമന പ്രതിസന്ധിക്ക് പരിഹാരം കാണണം. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെ നേരിട്ട് കാണും. റാങ്ക് ഹോൾഡേഴ്സിന്റെ ന്യായമായ ആവശ്യങ്ങൾ വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് ഉദ്യോഗാർത്ഥികൾക്ക് അദ്ദേഹം ഉറപ്പുനൽകി.