
തിരുവനന്തപുരം: പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ട് വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ അമൽ ആണ് ഇന്നലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശികളായ മൂന്നു പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 14-നാണ് വർക്കല കണ്ണമ്പയിൽ സംഭവം നടന്നത്. കണ്ണമ്പ സ്വദേശിനിയായ പെൺകുട്ടിയും കൊല്ലത്തുള്ള യുവാവും തമ്മിലുള്ള പ്രണയബന്ധം തകർന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രണയം തകർന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനായി യുവാവിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇതാണ് സംഘർഷത്തിന് കാരണമായത്.
സംഘർഷത്തിനിടെ കാമുകൻ്റെ സുഹൃത്തായ അമലിന് ഗുരുതരമായി അടിയേറ്റു. അന്ന് തന്നെ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് മടങ്ങിയ അമൽ പിറ്റേന്ന് രാവിലെ രക്തം ഛർദിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
ആദ്യം ആശുപത്രിയിൽ എത്തിച്ചപ്പോൾ തെങ്ങിൽ നിന്ന് വീണാണ് പരിക്കേറ്റതെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. എന്നാൽ, ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വർക്കലയിൽ വെച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കൾ വെളിപ്പെടുത്തിയത്. ഇതിനെത്തുടർന്ന് വർക്കല പോലീസ് പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.