
തിരുവനന്തപുരം : കിണറ്റിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ഇറങ്ങിയ യുവാവ് 30 അടി താഴ്ചയിൽ കുടുങ്ങി. വക്കം പാട്ടിക്കവിള സ്വദേശി അഖിൽ (34) ആണ് കിണറ്റിൽ അകപെട്ടത്. ആറ്റിങ്ങൽ ഫയർഫോഴ്‌സ് എത്തിയാണ് അഖിലിനെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
വീട്ടുകാരുമായുള്ള തർക്കത്തിനിടെയാണ് അഖിലിന്റെ മൊബൈൽ ഫോൺ കിണറ്റിൽ വീണതെന്ന് നാട്ടുകാർ പറയുന്നു. ഇതെടുക്കുന്നതിനായി അഖിൽ കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ കിണറ്റിൽനിന്ന് തിരികെ കയറാൻ അഖിലിന് കഴിഞ്ഞില്ല. തുടർന്ന് സമീപവാസികൾ ആറ്റിങ്ങൽ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു.
സ്റ്റേഷൻ ഓഫീസർ അഖിലിന്റെ നേതൃത്വത്തിൽ നെറ്റ് ഉപയോഗിച്ചാണ് യുവാവിനെ കരയ്‌ക്കെത്തിച്ചത്. വെള്ളത്തിൽ വീണെങ്കിലും അഖിലിന് പരിക്കുകളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. ജീവൻ രക്ഷപ്പെട്ട ആശ്വാസത്തിലും കഷ്ടപ്പെട്ട് കിണറ്റിലിറങ്ങിയ അഖിലിന് ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല.