
കോതമംഗലം: സഹപാഠികൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. പാലക്കാട് കൂടല്ലൂർ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ആനക്കര മലമക്കാവ് മുതിരപ്പാറ വീട്ടിൽ എം.എസ്. അനീഷിന്റെ മകൻ എം.എ. അതുൽ (19) ആണ് മരിച്ചത്. പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം സെമസ്റ്റർ ബി.സി.എ. വിദ്യാർത്ഥിയാണ്.
ബുധനാഴ്ച വൈകുന്നേരം 4.30-ഓടെ പുതുപ്പാടി മുളവർ കവലയ്ക്ക് സമീപമുള്ള കോതമംഗലം പുഴയിലെ കുംഭപ്പിള്ളി കടവിലായിരുന്നു അപകടം. ആറംഗ വിദ്യാർത്ഥി സംഘത്തോടൊപ്പമാണ് അതുൽ പുഴയിൽ എത്തിയത്. പുഴയിലെ പാറപ്പുറത്ത് നിൽക്കുന്നതിനിടെ കാൽ വഴുതി ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.വിവരമറിഞ്ഞ് കോതമംഗലത്ത് നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വീണ സ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാതാവ്: കെ. സുധ. സഹോദരി: ആതിര. മൃതദേഹം നിലവിൽ കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.