Banner Ads

ഭൂരിപക്ഷം തെളിയിക്കൂ, ആരെയും ക്ഷണിക്കാം; വിജയ്‌യെ തടഞ്ഞിട്ടില്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ

ചെന്നൈ : തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തെ (ടിവികെ) സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് മനപ്പൂർവം വൈകിപ്പിച്ചിട്ടില്ലെന്നും ഭൂരിപക്ഷമായ 118 പേരുടെ പിന്തുണ തെളിയിച്ചാൽ ആരെയും ഭരണത്തിന് ക്ഷണിക്കാൻ തയ്യാറാണെന്നും ഗവർണർ വ്യക്തമാക്കി.

എസ്ആർ ബൊമ്മൈ കേസ് വിധി ഇവിടെ ബാധകമല്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. പിരിച്ചുവിട്ട സർക്കാരിന്റെ കാര്യത്തിലാണ് ആ വിധി പ്രസക്തമാകുന്നത്. ഇത് പുതിയ സർക്കാർ രൂപീകരണമാണ്. ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിന് ഭൂരിപക്ഷമുണ്ടെങ്കിൽ അവരെയും ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെയുമായുള്ള സഖ്യനീക്കത്തിൽ ഡിഎംകെ നേതാവ് കനിമൊഴിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്.

അതൃപ്തിയെത്തുടർന്ന് കനിമൊഴി കഴിഞ്ഞദിവസത്തെ പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഇതോടെ വേദിയിൽ നിന്ന് ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാർക്കായുള്ള കസേരകൾ മാറ്റേണ്ടി വന്നു. മുതിർന്ന നേതാവ് ഐ പെരിയസാമിയെ മാത്രമാണ് വേദിയിൽ ഇരുത്തിയത്.  സർക്കാർ രൂപീകരണം വൈകുന്ന സാഹചര്യത്തിൽ എംകെ സ്റ്റാലിന്റെ വസതിയിൽ സഖ്യകക്ഷികളുടെ യോഗം ചേർന്നു.

വിജയ്‌യെ ഭരണത്തിന് ക്ഷണിക്കണമെന്നതാണ് ഗവർണറുടെ നിലപാടെങ്കിൽ അങ്ങനെയാകട്ടെ എന്ന് ഇടതുനേതാക്കൾ അഭിപ്രായപ്പെട്ടു. എഐഎഡിഎംകെ സഖ്യത്തെ ജനങ്ങൾ അംഗീകരിക്കില്ലെന്നും ബിജെപിയുടെ ഇടപെടൽ ഇതിൽ സംശയിക്കുമെന്നും നേതാക്കൾ സ്റ്റാലിനെ ധരിപ്പിച്ചു. സ്ഥിരതയുള്ള സർക്കാർ ആർക്ക് നൽകാൻ കഴിയുമെന്ന് ആലോചിച്ച് യുക്തമായ തീരുമാനം എടുക്കാമെന്ന് സ്റ്റാലിൻ മറുപടി നൽകി.

വിജയ് തന്നെ മുഖ്യമന്ത്രിയാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടിവികെ സർക്കാർ രൂപീകരണം വൈകിപ്പിക്കാൻ ഗവർണർക്ക് കഴിഞ്ഞേക്കുമെന്നും എന്നാൽ അത് തടയാനാകില്ലെന്നും ടിവികെ നേതാവ് അരുൺരാജ് പ്രതികരിച്ചു.