Banner Ads

തിരുവനന്തപുരം ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിലം ചന്തയ്ക്ക് സമീപം താമസിക്കുന്ന ഷൈജു – ഷിമി ദമ്പതികളുടെ മകൾ ഗൗരി പാർവതി (15) ആണ് മരിച്ചത്. ആറ്റിങ്ങൽ അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് ഗൗരി.

ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ അമ്മയും അയൽവാസികളും ചേർന്ന് ഉടൻ തന്നെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ പിതാവ് ഷൈജു കഴിഞ്ഞ രണ്ടു വർഷമായി വിദേശത്താണ്. മാതാവ് ഷിമി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയാണ്. സംഭവത്തിൽ ബന്ധു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമാകുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.