
മലപ്പുറം: കരുളായി ഉൾവനത്തിൽ വനവിഭവ ശേഖരണത്തിന് പോയ ആദിവാസി വയോധികന് കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരൻ (60) ആണ് ആക്രമണത്തിനിരയായത്.വ്യാഴാഴ്ച രാവിലെ 11 മണിയോടെ വനത്തിനുള്ളിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടെയാണ് ശങ്കരനെ കരടി ആക്രമിച്ചത്.
കുറ്റിക്കാട്ടിൽനിന്ന് പിന്നിലൂടെയെത്തിയ കരടി ആദ്യം ശങ്കരന്റെ കഴുത്തിൽ പിടിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ രണ്ട് കൈകളിലും കരടി കടിച്ചു പരിക്കേൽപ്പിച്ചു.ശങ്കരൻ ബഹളം വെക്കുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ കരടി കാട്ടിലേക്ക് ഓടി മറഞ്ഞു.
ശങ്കരന്റെ നിലവിളി കേട്ടാണ് സമീപത്തുണ്ടായിരുന്ന മധുവും രമേശനും ഓടിയെത്തിയത്.കൈകൾക്ക് ഗുരുതരമായി പരിക്കേറ്റ ശങ്കരനെ ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന്, വിദഗ്ദ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.