Banner Ads

കുവൈത്ത് എയർപോർട്ട് ആക്രമണം: ഇൻഡിഗോ ജൂൺ 4 വരെ സർവീസുകൾ റദ്ദാക്കി; അടിയന്തര യാത്രാ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി ഇൻഡിഗോ അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് എയർലൈൻ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ജൂൺ 4-ാം തീയതി ഉച്ചയ്ക്ക് 12 മണി വരെ കുവൈത്തിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കുമുള്ള എല്ലാ ഇൻഡിഗോ സർവീസുകളും പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് ഇൻഡിഗോ വ്യക്തമാക്കി. പെട്ടെന്നുണ്ടായ ഈ വിമാന സർവീസ് തടസ്സം യാത്രക്കാരുടെ യാത്രാ പദ്ധതികളെ വലിയ രീതിയിൽ ബാധിക്കുമെന്നറിയാമെന്നും ഇതിലുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും എയർലൈൻ അധികൃതർ അറിയിച്ചു.

കുവൈത്തിലെ സിവിൽ ഏവിയേഷൻ അധികൃതരുമായി ചേർന്ന് നിലവിലെ അടിയന്തര സാഹചര്യം കമ്പനി നിരന്തരം നിരീക്ഷിച്ചുവരികയാണ്. വ്യോമപാത പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുകയുള്ളൂ.