Banner Ads

അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരപീഡനം: ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ.

കൊച്ചി: സ്കൂളിൽ വൈകിയെത്തിയ അഞ്ചാം ക്ലാസ് വിദ്യാർഥിയെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി. ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളോട് ഒരുതരത്തിലുള്ള വിവേചനവും അനുവദിക്കില്ല. ഒരു കുട്ടി വൈകിയെത്തിയാൽ അവരെ ഉപദേശിക്കാം, അല്ലാതെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഇരുട്ടുമുറിയിൽ അടച്ചിടാൻ ഒരു അധ്യാപകനും അവകാശമില്ല. ഇത്തരം വിഷയങ്ങളിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംഭവം നടന്നത് സ്റ്റേറ്റ് സിലബസ് അല്ലാത്ത ഒരു സ്കൂളിലാണെന്ന് മനസ്സിലാക്കുന്നതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അധ്യാപകർക്ക് ശരിയായ പരിശീലനം ലഭിക്കാത്തതും ഇത്തരം സംഭവങ്ങൾക്ക് ഒരു കാരണമായേക്കാം. മറ്റ് സ്ട്രീമുകളിലെ അധ്യാപകർക്കും കൃത്യമായ പരിശീലനം നിർബന്ധമാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.