
തിരുവനന്തപുരം : വിഴിഞ്ഞം വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിൽ വന്ന വാർത്ത തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദേശാഭിമാനിയിലല്ല ഈ വാർത്ത ആദ്യം വന്നത്. പാർട്ടി പത്രത്തിൽ അത്തരമൊരു വാർത്ത വരാൻ പാടില്ലായിരുന്നു.
ഭാവിയിൽ വരാൻ പോകുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ പത്രത്തിന് വീഴ്ചയുണ്ടായി. പാർട്ടി വാർത്തയെ ഒട്ടും അംഗീകരിക്കുന്നില്ല. ഇനി മുതൽ പാർട്ടി പത്രത്തിന്റെ ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും വേണ്ടിവരുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വർഗ്ഗവഞ്ചകരെ സിപിഎം തിരികെ എടുക്കില്ലെന്നും തെറ്റുതിരുത്തി വരുന്നവരെ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് പാർട്ടി പ്രവർത്തകരും രംഗത്ത് വരണമെന്നും എം വി ഗോവിന്ദന് ആഹ്വാനം ചെയ്തു.
പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം. മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണം. പ്രതിപക്ഷ നേതാവും എൽഡിഎഫ് നേതാക്കളും വൈകുന്നേരം വയനാട് സന്ദർശിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.