Banner Ads

കൊച്ചിയിൽ യൂട്യൂബർ ‘ചെകുത്താൻ’ (അജു അലക്സ്) നേരെ ആക്രമണം: അഞ്ച് പേർക്കെതിരെ കേസ്

കൊച്ചി: പ്രമുഖ യൂട്യൂബറായ ‘ചെകുത്താൻ’ എന്ന അജു അലക്സിന് നേരെ കൊച്ചി ഇടപ്പള്ളിയിൽ ആക്രമണം. നടൻ മോഹൻലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴും പ്രതികൾ പിന്തുടർന്നെത്തി മർദിച്ചതായി അജു അലക്സ് ആരോപിച്ചു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ എളമക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

യൂട്യൂബ് വീഡിയോകളിലൂടെയുള്ള കടുത്ത ഭാഷയിലുള്ള വിമർശനങ്ങളിലൂടെ ശ്രദ്ധേയനായ അജു അലക്സ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.നടൻ മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് 2024-ൽ അജു അലക്സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലയാളീ താരസംഘടനയായ ‘അമ്മ’യുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖ് നൽകിയ പരാതിയിലായിരുന്നു അന്ന് കേസ് എടുത്തത്.

ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവിയുള്ള മോഹൻലാൽ, വയനാട് ദുരന്തബാധിത പ്രദേശം സന്ദർശിച്ചതുമായി ബന്ധപ്പെട്ടാണ് അജു അലക്സ് വീഡിയോ ചെയ്തത്. അപകടസ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയതിനെ ഇയാൾ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.ഭാരതീയ ന്യായ സംഹിതയിലെ (BNS) 192, 296(b) വകുപ്പുകളും, കേരള പൊലീസ് ആക്ട് (2011) 120(o) വകുപ്പുപ്രകാരവുമാണ് അന്ന് അജുവിനെതിരെ പൊലീസ് നടപടിയെടുത്തത്. ഈ പഴയ വിവാദങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ ഇടപ്പള്ളിയിൽ വെച്ചുണ്ടായ ആക്രമണമെന്നാണ് സൂചന.