
കോഴിക്കോട് : ഉള്ളിയേരി മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. ഉള്ളിയേരി സ്വദേശി കക്കട്ടിൽ ബിജുവിന്റെ ഭാര്യ ബസിനി (38) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയും ആശുപത്രി അധികൃതരുടെ അനാസ്ഥയുമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിനായിട്ടാണ് ബസിനിയെ മലബാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന് അറിയിച്ചെങ്കിലും പിന്നാലെ ഗുരുതരമായ രീതിയിൽ അണുബാധ ഉണ്ടാകുകയായിരുന്നു. രോഗിയുടെ അവസ്ഥ വഷളായിട്ടും മറ്റൊരു വിദഗ്ധ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു.
സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെയും ആശുപത്രി അധികൃതർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അതേസമയം രോഗിയുടെ ചികിത്സയിൽ അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിശദീകരണം.