
കൊല്ലം: പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരവിള ഈട്ടിവിള വീട്ടിൽ അജി (40) ക്കാണ് അപകടം സംഭവിച്ചത്. ഇരുകാലുകൾക്കും ഇടതുകൈയ്ക്കും സാരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ കൊല്ലം – ചെങ്കോട്ട പാതയിലെ പുനലൂർ പത്തേക്കർ ഭാഗത്തുവെച്ചായിരുന്നു സംഭവം. പുനലൂരിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന മെമു തീവണ്ടിയാണ് അജിയെ തട്ടിയത്. അപകടസ്ഥലത്തുനിന്ന് നാട്ടുകാർ ചേർന്നാണ് ഇയാളെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.കഴിഞ്ഞ ദിവസവും കൊല്ലം-ചെങ്കോട്ട പാതയിലെ ആര്യങ്കാവിൽ സമാന രീതിയിൽ ട്രെയിൻ തട്ടി ആര്യങ്കാവ് സ്വദേശി രാജേഷിന്റെ കാൽ അറ്റുപോയിരുന്നു.