Banner Ads

വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവ് പിടിയിൽ

കോഴിക്കോട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായി കോതി ബീച്ച് സ്വദേശിയായ അൻഷാദ് (33) ആണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ കുണ്ടായിത്തോട് ഓവുപാലത്തിന് സമീപത്തുവെച്ച് ഇയാൾ പിന്തുടരുകയായിരുന്നു. തുടർന്ന് വഴി ചോദിക്കാനെന്ന വ്യാജേന സമീപിച്ച പ്രതി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. ഭയന്നുപോയ വിദ്യാർത്ഥിനി വേഗത്തിൽ നടന്നുപോയെങ്കിലും വീണ്ടും പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മേഖലയിലെ നാൽപ്പതോളം സി.സി.ടി.വി. ദൃശ്യങ്ങളും നൂറിലധികം വാഹനങ്ങളും പരിശോധിച്ച പോലീസ് മൂന്ന് ദിവസത്തിനകം തന്നെ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് ഇയാൾ നിലവിൽ താമസിച്ചുവരുന്ന പെരുമണ്ണ പാറമ്മൽ ഭാഗത്തുനിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.