
ടോക്കിയോ: മൃഗശാലകളിൽ കഴിയുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ റെഡ് പാണ്ടയെന്ന ഗിന്നസ് ലോക റെക്കോർഡ് ജപ്പാനിലെ ‘ഫൂട്ട’ സ്വന്തമാക്കി. 23 വയസ്സും 135 ദിവസവും പിന്നിട്ടാണ് ഫൂട്ട ഈ ചരിത്രനേട്ടം കരസ്ഥമാക്കിയത്. നവംബർ 17-നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റെക്കോർഡ് പ്രഖ്യാപന ചടങ്ങിന് സാക്ഷ്യം വഹിക്കാനും തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാനുമായി നൂറുകണക്കിന് സന്ദർശകരാണ് ജപ്പാനിലെ ചിബ സിറ്റി മൃഗശാലയിലേക്ക് എത്തിയത്.
സാധാരണയായി റെഡ് പാണ്ടകളുടെ ശരാശരി ആയുസ്സ് 12 മുതൽ 17 വർഷം വരെയാണ്. ഈ പരിധിയെല്ലാം മറികടന്നാണ് ഫൂട്ട ലോകത്തെ വിസ്മയിപ്പിച്ചത്. അമേരിക്കയിലെ സൂമൊണ്ടാനയിലുണ്ടായിരുന്ന ‘ടെയ്ലർ’ എന്ന റെഡ് പാണ്ടയുടെ പേരിലുണ്ടായിരുന്ന മുൻ റെക്കോർഡാണ് ഫൂട്ട മറികടന്നത്.
21 വർഷവും 265 ദിവസവുമായിരുന്നു ടെയ്ലറിന്റെ പ്രായം.മൃഗശാല അധികൃതരുടെ കൃത്യമായ പരിചരണവും മികച്ച ആരോഗ്യ സംരക്ഷണവുമാണ് വാർദ്ധക്യസഹജമായ അവശതകൾക്കിടയിലും ഫൂട്ടയെ ഈ അപൂർവ്വ നേട്ടത്തിലേക്ക് എത്തിച്ചത്.