
വൈക്കം : വിഷുക്കണി ദർശനം പൂർത്തിയാക്കി കണ്ണകി ദേവിയായി പാണ്ഡ്യദേശത്തേക്ക് യാത്രയായി. എരിതേങ്ങ സമർപ്പണവും , വലിയ തീയാട്ടും വലിയ ഗുരുതിയും അരിയേറും നടത്തിയ ശേഷം ക്ഷേത്രനടയടച്ചതോടെയാണ് ദേവി മധുരാപുരിയിലേക്ക് യാത്രയായത്. മൂന്ന് മാസങ്ങൾക്ക് ശേഷം കർക്കിടകം 1 ന് കണ്ണകി ദേവി കാവിലമ്മയായി തിരിച്ചെത്തുന്നതോടെ നടതുറന്ന് ദർശനവും പൂജ വിധാനങ്ങളും പുനരാംരംഭിക്കും.അതുവരെ ക്ഷേത്ര നട തുറക്കുകയോ ദർശനമോ ഉണ്ടായിരിക്കില്ല.
വിഷുക്കണി ദർശനത്തോടെ ആരംഭിച്ച ചടങ്ങുകൾ രാത്രി വൈകി നടന്ന അരിയേറിന് ശേഷം സമാപിച്ചു. അരിയേറു നടന്നതോടെ നടയടക്കുകയും കാവിലമ്മ കണ്ണകി ദേവിയായി പാണ്ഡ്യദേശത്ത് ഭർത്താവായ കോവിലന്റെ സമീപത്തേക്ക് പോകുന്നതായും ഐതിഹ്യം. ഈ സമയം മധുരാപുരിയിൽ മലയാളത്തമ്മയെ വരവേൽക്കുന്ന ചടങ്ങും ഉണ്ട്.പൗരാണികമായി ചിലപ്പതികാരത്തിലെ കണ്ണകി ദേവിയായും വൈദികപരമായി ശ്രീ പരമേശ്വരന്റെ പുത്രി ഭാവത്തിലുമാണ് മൂത്തേടത്ത്കാവിലെ പ്രതിഷ്ഠാ സങ്കല്പം.
വർഷത്തിൽ ഒൻപത് മാസം മാത്രം പൂജാദി കർമ്മങ്ങൾ നടക്കുന്ന സവിശേഷതയും ക്ഷേത്രത്തിന്റ പ്രത്യേകതയാണ്.നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തായി വേതാളത്തിന്റ പുറത്തിരിക്കുന്ന ദേവിയുടെ കളമാണ് എഴുതിയത്. കളംപൂർത്തിയായതോടെ അനുഷ്ഠാന വാദ്യങ്ങളോടെ തോറ്റംപ്പാട്ട്നടന്നു. കളത്തിൽ വച്ചൊരുക്കിന് ശേഷം കളം പൂജയും തിരിയുഴിച്ചിലും നടത്തി.ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിന് മുൻവശം കൊടിമരച്ചുവട്ടിൽ കൂട്ടിയിരിക്കുന്ന എരിതേങ്ങയിലേക്ക് അഗ്നി പകർന്നു.
ഭക്തർ വഴിപാടായി സമർപ്പിച്ച ആയിരക്കണക്കിന് നാളികേരം അഗ്നിയിൽ എരിഞ്ഞമർന്നു.മധുരാപുരി കത്തിയമരുന്നതിന്റെ പ്രതീകമായാണ് എരി തേങ്ങ സമർപ്പണം.
തെക്കു പുറത്ത് കൊടും കാളിക്ക് രാത്രി വലിയ ഗുരുതിയൂം പിന്നീട് തീയാട്ട് ഉണ്ണി നാലമ്പലത്തിൽ എഴുതിയ ദേവിയുടെ കളം മായ്കും. തിയാട്ടുണ്ണി ക്ഷേത്രത്തിന് വലം വച്ച് ശ്രികോവിലിലേക്ക് അരിയേറ് നടത്തിയതോടെ ക്ഷേത്രനട അടഞ്ഞു. ഇനിയുള്ള മൂന്ന് മാസക്കാലം ദേവി മധുരാപുരിയിൽ.