Banner Ads

കേരളം ഇരുട്ടിലാകുമോ? വൈദ്യുതി പ്രതിസന്ധി രൂക്ഷം; അരമണിക്കൂർ ലോഡ് ഷെഡിംഗിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഇന്നലെ രാത്രിയിലെ വൈദ്യുതി ആവശ്യം 5770 മെഗാവാട്ട് ആയി ഉയർന്നു. വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ട് ആയിരുന്നു. പതിനഞ്ച് മിനിട്ട് മുതല്‍ 20 മിനിട്ട് വരെ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയാണ് വൈകിട്ടത്തെ ഉയര്‍ന്ന വൈദ്യുതി ആവശ്യം കെഎസ്ഇബി നേരിടുന്നത്.

കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 30 ശതമാനമായി താഴ്ന്നു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇത് ആഭ്യന്തര ഉൽപ്പാദനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ദേശീയതലത്തിൽ വൈദ്യുതി വാങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കേരളത്തിന് തിരിച്ചടിയായി.

പ്രതിസന്ധി തുടരുകയാണെങ്കിൽ സംസ്ഥാനത്ത് പ്രതിദിനം അരമണിക്കൂർ പ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്ന ആശങ്ക ശക്തമാണ്. മുന്നറിയിപ്പില്ലാതെ വൈദ്യുതി തടയുന്നതിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇന്നോ നാളെയോ ആയി പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്.

എന്നാൽ പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുക എന്നതല്ലാതെ മറ്റ് പോംവഴികളില്ല. പീക്ക് സമയങ്ങളിൽ (വൈകുന്നേരം 6 മുതൽ 11 വരെ) അനാവശ്യമായ വൈദ്യുതി ഉപകരണങ്ങൾ ഒഴിവാക്കി സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.