
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴയുടെ ശക്തി വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിനെത്തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. റിയാദ്, മക്ക, മദീന. അസീർ, ജിസാൻ, അൽ ബഹ.ദിരിയ, അൽ ഖർജ്, അൽ ഖിദ്ദിയ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
മഴയ്ക്കൊപ്പം മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിലുള്ള കാറ്റ്, പൊടിക്കാറ്റ്, ആലിപ്പഴ വർഷം എന്നിവയ്ക്കും സാധ്യതയുണ്ട്. കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനും കടൽക്ഷോഭത്തിനും കാരണമായേക്കാം. കൂടാതെ, കടൽചുഴലിക്കും കരയിൽ ചുഴലിക്കാറ്റിന് സമാനമായ മേഘരൂപീകരണങ്ങൾക്കും സാധ്യതയുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.