Banner Ads

മാതമംഗലം ക്ഷേത്രമുറ്റത്ത് അഞ്ചരപ്പവന്റെ മാല കവർന്നു; രണ്ട് കർണാടക സ്വദേശിനികൾ പിടിയിൽ, സിസിടിവി ദൃശ്യം പുറത്ത്

പിലാത്തറ : മാതമംഗലം പുലിയൂർകാളി ക്ഷേത്രോത്സവത്തിനിടെ വയോധികയുടെ മാല പൊട്ടിച്ചോടിയ സംഘത്തിലെ രണ്ട് സ്ത്രീകളെ നാട്ടുകാർ പിടികൂടി. കർണാടകയിലെ ഗുൽബർഗ് സ്വദേശിനികളാണ് പിടിയിലായത്.  ഉത്സവ സമാപന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു സംഭവം.

മാതമംഗലം പറവൂർ സ്വദേശിനി പിവി രോഹിണി (76) യുടെ അഞ്ചരപ്പവന്റെ സ്വർണ്ണമാലയാണ് നാലംഗ സംഘം കവർന്നത്. കൊറന്തിയമ്മ തെയ്യത്തെ തൊഴാൻ വരിനിൽക്കുകയായിരുന്നു രോഹിണി. ഈ സമയം പിന്നിലുണ്ടായിരുന്ന നാല് സ്ത്രീകൾ ചേർന്ന് മാല പൊട്ടിക്കുകയായിരുന്നു.

മാല നഷ്ടപ്പെട്ടത് അറിഞ്ഞ രോഹിണി ബഹളം വെച്ച് ഇവരുടെ പിന്നാലെ ഓടി. ഇതോടെ നാട്ടുകാർ ഇടപെടുകയും രണ്ട് സ്ത്രീകളെ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പിടികൂടിയ സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.

മറ്റ് രണ്ട് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. ക്ഷേത്രപരിസരത്ത് നിന്നും സ്ത്രീകൾ മാല മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിടിയിലായവരിൽ നിന്നും മാല കണ്ടുകിട്ടിയിട്ടില്ല.

ഓടി രക്ഷപ്പെട്ട മറ്റ് രണ്ട് സ്ത്രീകളുടെ കൈവശമായിരിക്കാം സ്വർണ്ണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉത്സവ പറമ്പുകളിലെ തിരക്ക് മുതലെടുത്ത് അന്തർസംസ്ഥാന മോഷണ സംഘങ്ങൾ സജീവമാണെന്നും ഭക്തർ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.