Banner Ads

അവസരം മുതലാക്കി ഭരണം പിടിക്കാനില്ല; ആരുടെയും പിന്തുണ വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ല’: പാലാ നഗരസഭയിൽ നയം വ്യക്തമാക്കി യുഡിഎഫ്

കോട്ടയം: പാലാ നഗരസഭയിൽ ഭരണപക്ഷത്തെ സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരും കോൺഗ്രസ് കൗൺസിലർമാരും തമ്മിലുള്ള ആഭ്യന്തര തർക്കം മൂലം പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ നിർണായക നിലപാടുമായി പ്രതിപക്ഷം. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ഭരണം പിടിച്ചെടുക്കാൻ യുഡിഎഫ് ശ്രമിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ വ്യക്തമാക്കി. ഭരണം കൈക്കലാക്കുന്നതിനായി നഗരസഭയിൽ ആരുടെയും പിന്തുണ വാങ്ങാനോ കൊടുക്കാനോ പ്രതിപക്ഷം തയ്യാറല്ല.

വെറുമൊരു അധികാരക്കസേരയ്ക്ക് വേണ്ടി മാത്രം ഭരണത്തിലേക്ക് കടന്നുവരാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’ഭൂരിപക്ഷവും സ്ഥിരതയുമില്ലാതെ ഭരണത്തിലേക്കില്ല’ നഗരസഭയിൽ സ്വതന്ത്ര മുന്നണി ഭരണപക്ഷത്തുനിന്ന് മാറി നിന്നാൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെടും. എന്നാൽ, കൃത്യമായ ഭൂരിപക്ഷവും സ്ഥിരതയുമില്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല.

പാലാ നഗരസഭയിലെ ജനങ്ങളെ പറ്റിക്കാൻ പ്രതിപക്ഷത്തിന് താല്പര്യമില്ല. എങ്ങനെയും ഭരണത്തിൽ കടിച്ചുതൂങ്ങാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, കഴിഞ്ഞ ആറുമാസക്കാലം തികച്ചും ക്രിയാത്മകമായ ഒരു പ്രതിപക്ഷമായാണ് യുഡിഎഫ് കൗൺസിലർമാർ നഗരസഭയിൽ പ്രവർത്തിച്ചതെന്നും ബിജു പാലൂപ്പടവൻ വ്യക്തമാക്കി.