
ബെംഗളൂരു : നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി നാളെ ബെംഗളൂരുവിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബെംഗളൂരു ഫ്രീഡം പാർക്കിൽ നാളെ വൈകിട്ട് 4 മുതൽ 6 വരെയാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
ഡൽഹി ജന്തർമന്തറിലും പുണെയിലും ലഖ്‌നൗവിലും നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് സിജെപി ബെംഗളൂരുവിലേക്കും സമരം വ്യാപിപ്പിക്കുന്നത്. നീറ്റ് പരീക്ഷയിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കാളികളാകണമെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ആഹ്വാനം ചെയ്തു.
പരീക്ഷാ ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ വിവിധ നഗരങ്ങളിൽ വിദ്യാർത്ഥി സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ ശക്തമായ ജനരോഷമാണ് കേന്ദ്ര സർക്കാരിനെതിരെ ഉയരുന്നത്.