ബെംഗളൂരു : ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം അഭിനേതാക്കളും സംവിധായകരും ഉൾപ്പെടെ സിനിമയിലെ മുതിർന്ന താരങ്ങൾക്കെതിരെ ലൈംഗികാതിക്രമ ആരോപങ്ങൾ നിരവധിയാണ് ഉയർന്നു വന്നത്. മലയാള സിനിമാ വ്യവസായത്തിൽ അടുത്തിടെയുണ്ടായ ലൈംഗികാതിക്രമങ്ങളുടെ തുറന്നുപറച്ചിൽ പല തൊഴിലിടങ്ങളെയും ബാധിക്കുന്ന വിശാലമായ ഒരു പ്രശ്നത്തിലേക്ക് ശ്രദ്ധയൂന്നിക്കൊണ്ട് ആവശ്യമായ ഒരു പ്രസ്ഥാനത്തിന് തുടക്കമിട്ടിട്ടുണ്ടെന്ന് വനിതാ ആർട്ടിസ്റ്റുകൾ പറയുന്നു. എല്ലാ മേഖലകളിലും സ്ത്രീകൾക്ക് മാറ്റത്തിൻ്റെ ആവശ്യകതയും സുരക്ഷിതവും കൂടുതൽ തുല്യവുമായ അന്തരീക്ഷം ഉയർത്തിക്കാട്ടുന്ന ഒരു ഉണർവായി ഈ നിമിഷം പ്രവർത്തിക്കുന്നുവെന്ന് അവർ ഊന്നിപ്പറയുന്നു.
നടിയും രാഷ്ട്രീയക്കാരിയുമായ ഖുശ്ബു സുന്ദർ സ്ത്രീകളോട് പറയുന്നത് കൃത്യസമയത്ത് സംസാരിക്കണമെന്നാണ്. വനിതാ ആർട്ടിസ്റ്റുകൾക്ക് ഗോഡ്ഫാദർമാരെ ആവശ്യമില്ല എന്ന തിരിച്ചറിവിന്റെ സമയമാണിതെന്നുമാണ് മാല പാർവതിയുടെ അഭിപ്രായം. നിരവധി ഭാഷകളിൽ പ്രവർത്തിച്ചിട്ടുള്ള ദേശീയ വനിതാ കമ്മീഷൻ (NCW) മുൻ അംഗം സുന്ദർ പറയുന്നത് ‘ ഞങ്ങൾക്ക് ഈ പ്രക്ഷോഭം ആവശ്യമായിരുന്നു, ഇത്തരംസംഭവങ്ങൾ എല്ലാ മേഖലകളിലും സംഭവിക്കുന്നു; എന്നാൽ എന്തുകൊണ്ടാണ് സിനിമാ വ്യവസായത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? ഐ ടി മേഖല, മെഡിക്കൽ, മീഡിയ, സർക്കാർ ജോലികൾ തുടങ്ങി എല്ലായിടത്തും ഇത് സംഭവിക്കുന്നു. ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോൾ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണം, ആരെങ്കിലും മോശമായി പെരുമാറിയാൽ അതിനെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് കഴിയില്ല 20 വർഷത്തിന് ശേഷവും ഒരു ജോലിയും ലഭിക്കില്ല എന്ന ഭയം നിങ്ങളോടൊപ്പം ഉണ്ടാകാൻ പാടില്ലായെന്നുമാണ്’.
2017 ൽ നടൻ ദിലീപ് ഉൾപ്പെട്ട നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തിലാണ് ലൈംഗികാതിക്രമവും ലിംഗ സമത്വവും പഠിക്കാനായി കേരള സർക്കാർ ഒരു സമിതിയെ നിയോഗിച്ചത്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സിനിമാ മേഖലയിലെ സ്ത്രീകളോടുള്ള പീഡനം, ചൂഷണം, മോശം പെരുമാറ്റം തുടങ്ങിയവയുടെ വിവരങ്ങൾ രേഖപ്പെടുത്തുകയും വഴങ്ങാത്ത സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുവെന്നും ഒരു ക്രിമിനൽ സംഘം വ്യവസായത്തെ നിയന്ത്രിക്കുകയാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതുവരെ അഭിനേതാക്കളും സംവിധായകരും ഉൾപ്പെടെ മലയാള സിനിമയിലെ മുതിർന്ന 10 താരങ്ങളെ വിവിധ വനിതാ ആർട്ടിസ്റ്റുകൾ ലൈംഗികമായി അവരെ ആക്രമിച്ചെവെന്ന് ആരോപിച്ചിട്ടുണ്ട്.
ഇതേ തുടർന്ന് അമ്മ അസ്സോസ്സിയേഷൻ അംഗങ്ങൾ എല്ലാം രാജി വെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ പിന്നാലെ സമൂഹ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ അമ്മ സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അമ്മയുടെ ഇപ്പോഴുള്ള ഭരണ സമിതി അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തി രാജി വയ്ക്കുന്നു എന്നാണ് ഭാരവാഹികൾ അറിയിച്ചത്. മോഹൻലാൽ അടക്കം 17 അംഗങ്ങളാണ് രാജി വെച്ചത്. മോഹൻലാൽ, വിനു മോഹൻ, അൻസിബ, കലാഭവൻ ഷാജോൺ, ടോവിനോ തോമസ്, സുരേഷ് കൃഷ്ണ, ജോമോൾ, ഉണ്ണിമുകുന്ദൻ, ടിനി ടോം, സുരാജ് വെഞ്ഞാറമ്മൂട്, ജോയ് മാത്യു, ജയൻ ചേർത്തല, ജഗദീഷ്, ബാബുരാജ്, അനന്യ , സരയൂ എന്നിവരാണ് രാജി വെച്ചത്.