Banner Ads

വെള്ളക്കെട്ട്: ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ച് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം; ഒടുവിൽ കളക്ടറുടെ ഉറപ്പിൽ സമരം പിൻവലിച്ചു

ആലപ്പുഴ: ബൈപ്പാസിനോട് ചേർന്നുള്ള ജനവാസ മേഖലകളിലെ കടുത്ത വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. റോഡിൽ കിടന്നുൾപ്പെടെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് ആലപ്പുഴ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. ഒടുവിൽ ജില്ലാ കളക്ടർ സ്ഥലത്തെത്തി നൽകിയ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് കടുത്ത വെള്ളക്കെട്ടാണ്. മഴ തുടർന്നാൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.

 കക്കൂസ് മാലിന്യമടക്കം വീടുകളിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്.വേനൽക്കാലത്ത് തന്നെ ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല. എംപിയും എംഎൽഎയും നൽകിയ ഉറപ്പുകളും പാലിക്കപ്പെട്ടില്ലെന്ന് സമരക്കാർ ആരോപിച്ചു.സംഭവസ്ഥലത്തെത്തിയ ആലപ്പുഴ എംഎൽഎ എ.ഡി. തോമസും എൽഡിഎഫ് ജനപ്രതിനിധികളും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രശ്നത്തിൽ എംഎൽഎ കൃത്യമായി ഇടപെടണമായിരുന്നു എന്ന് എൽഡിഎഫ് പ്രവർത്തകർ പറഞ്ഞതാണ് തർക്കത്തിന് കാരണമായത്. തൊട്ടുപിന്നാലെ ജില്ലാ കളക്ടർ ഷാജി വി. നായരും സ്ഥലത്തെത്തി.

“ദേശീയപാത അതോറിറ്റിയുടെ ധിക്കാരപരമായ നടപടിയാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ജനപ്രതിനിധികൾ അടക്കം പരാതി നൽകിയിട്ടും അവർ നടപടിയെടുത്തില്ല. അതുകൊണ്ടുതന്നെ നാട്ടുകാരുടെ പ്രതിഷേധം സ്വാഭാവികമാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടിട്ടേ ഇവിടെനിന്ന് മടങ്ങൂ.” – എ.ഡി. തോമസ് എംഎൽഎ വ്യക്തമാക്കി.തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും കളക്ടറുമായി നടത്തിയ ചർച്ചക്കൊടുവിൽ, രണ്ട് ദിവസത്തിനകം വെള്ളക്കെട്ടിന് പരിഹാരം കാണാമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകി. ഇതിനെ തുടർന്ന് നാട്ടുകാർ സമരം അവസാനിപ്പിക്കുകയും ആലപ്പുഴ ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.