
തിരുവനന്തപുരം: നഗരത്തിൽ ജനജീവിതം സ്തംഭിപ്പിച്ച രൂക്ഷമായ വെള്ളക്കെട്ടിന് ഉത്തരവാദി മുൻ സി.പി.എം ഭരണസമിതിയാണെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. 45 വർഷം കോർപ്പറേഷൻ ഭരിച്ച് നഗരത്തെ ഈ ദുരവസ്ഥയിലാക്കിയവരാണ് യഥാർത്ഥ കുറ്റക്കാരെന്ന് അദ്ദേഹം ആരോപിച്ചു. ഗോവയിലെ ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് പുലർച്ചെ തലസ്ഥാനത്തെത്തിയ മേയർ, മറ്റ് കൗൺസിലർമാർക്കൊപ്പം തമ്പാനൂരിലെ വെള്ളക്കെട്ട് ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
വെള്ളം ഒഴുകിപ്പോകാത്തതിന് പിന്നിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മേയർ മുൻ ഭരണസമിതിയെ വിമർശിച്ചത്.കനാലിലേക്ക് വെള്ളം ഒഴുകിപ്പോകേണ്ട ഗ്രില്ലുകൾക്ക് ആവശ്യത്തിന് വലിപ്പമില്ല. റോഡുകൾ നിർമ്മിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മുൻ ഭരണസമിതി ശ്രദ്ധിക്കേണ്ടതായിരുന്നു.ശക്തമായ മഴ പെയ്യുമ്പോൾ വെള്ളം ഒഴുകിപ്പോകാൻ പാകത്തിലുള്ള ഓടകളല്ല നഗരത്തിൽ നിർമ്മിച്ചിരിക്കുന്നത്.ഒരു ദിവസം കൊണ്ട് പെയ്യേണ്ട മഴയാണ് ഒറ്റ മണിക്കൂറിൽ പെയ്തത്. 20 ദിവസം മുൻപ് കൗൺസിൽ യോഗം ചേരുമ്പോൾ ഇത്തരമൊരു അതിതീവ്ര മഴ ഉണ്ടാകുമെന്ന് മുൻകൂട്ടി കാണാൻ സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കോർപ്പറേഷനെതിരെ വിമർശനമുന്നയിച്ച മുൻ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മേയർ പ്രതികരിച്ചത്.”ഗുണ്ടായിസവുമായി വി. ശിവൻകുട്ടി ഞങ്ങളുടെ മെക്കിട്ട് കയറാൻ വരേണ്ട. ശിവൻകുട്ടി ഞങ്ങളെ ഭരണം പഠിപ്പിക്കേണ്ടതില്ല. അദ്ദേഹം മേയറായിരുന്ന കാലത്താണ് തിരുവനന്തപുരം കോർപ്പറേഷന്റെ വികസനത്തിന്റെ അടിവേരറ്റത്. ഗുണ്ടായിസത്തിലൂടെ എല്ലാം നടപ്പാക്കാനാണ് അന്ന് അദ്ദേഹം ശ്രമിച്ചത്.” – വി.വി. രാജേഷ്