
തൊടുപുഴ : ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മലങ്കര ഡാമിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് ശക്തമായി. ഡാമിന്റെ സുരക്ഷ മുൻനിർത്തി നാല് ഷട്ടറുകൾ 1.50 മീറ്ററിൽ നിന്ന് 2.50 മീറ്റർ വരെ ഘട്ടം ഘട്ടമായി കൂടുതൽ ഉയർത്താൻ അധികൃതർ അനുമതി നൽകി.
(01/08/2026) രാവിലെ 6 മണിയിലെ കണക്കുപ്രകാരം മലങ്കര ഡാമിന്റെ ജലനിരപ്പ് 40.80 മീറ്ററാണ്. ഡാമിന്റെ അപ്സ്ട്രീം മേഖലയായ അടൂർമലയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ഇതിനെത്തുടർന്ന് ഓരോ മണിക്കൂറിലും വലിയ അളവിൽ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
താഴെയുള്ള തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് മുൻകരുതൽ പരിധിയായ Warning Level കടന്നു. തൊടുപുഴയാറിന്റെ സമീപ പ്രദേശങ്ങളിലും മറ്റ് താഴ്ന്ന മേഖലകളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. ആറുകളിൽ അപകടനില എത്തുന്നതിന് മുൻപായി ഡാമിലെ കൂടുതൽ വെള്ളം താഴേക്ക് ഒഴുക്കിവിടാനാണ് അധികൃതരുടെ തീരുമാനം.
തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും ഇരുതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴകളിൽ ഇറങ്ങുന്നതിനും മീൻപിടിക്കുന്നതിനും വിലക്കുണ്ട്.