Banner Ads

ട്രെയിനിൽ ഇനി നിയമം തെറ്റിച്ചാൽ കൈപൊള്ളും; പിഴത്തുക കുത്തനെ കൂട്ടി റെയിൽവേ, പുതിയ നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി : ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടിയുള്ള പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നു. ചെറിയ കുറ്റകൃത്യങ്ങൾക്ക് ക്രിമിനൽ നടപടികൾ ഒഴിവാക്കി പകരം വലിയ സാമ്പത്തിക പിഴ ഈടാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജൻ വിശ്വാസ് (ഭേദഗതി) ആക്ട് 2026 ന്റെ ഭാഗമായാണ് നടപടി.

ടിക്കറ്റില്ലാത്ത യാത്ര, റിസർവ്ഡ് കോച്ചുകളിലെ അനധികൃത പ്രവേശനം, വനിതാ കോച്ചുകളിലെ അതിക്രമിച്ചു കയറൽ എന്നിവയ്ക്കാണ് പിഴ വർധിപ്പിച്ചിരിക്കുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് ഇനിമുതൽ യാത്ര ചെയ്ത ദൂരത്തിന്റെ യഥാർത്ഥ നിരക്കിനൊപ്പം കുറഞ്ഞത് 500 രൂപ അധിക പിഴയായി ഈടാക്കും.

വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള കോച്ചുകളിലോ ബെർത്തുകളിലോ പുരുഷന്മാർ അതിക്രമിച്ചു കയറിയാൽ 2500 രൂപ പിഴയൊടുക്കേണ്ടി വരും. ലേഡീസ് കോച്ചിൽ കയറിയവർ റെയിൽവെയ്ക്ക് പിഴയൊടുക്കാൻ തയ്യാറാകാത്ത പക്ഷം കേസ് കോടതിയിലേക്ക് കൈമാറും. കോടതിയിലെത്തിയാൽ പിഴത്തുക 5000 രൂപയായി ഉയരും.

വനിതാ കോച്ചുകളിൽ പുരുഷന്മാർ അതിക്രമിച്ചു കയറിയാൽ അവരെ ഉടൻ തന്നെ ട്രെയിനിൽ നിന്നും പുറത്താക്കാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. അതേസമയം, ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.