
കൊല്ലം : ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നവംബർ 3, 4 തീയതികളിൽ കേരളം സന്ദർശിക്കും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. നവംബർ 3ന് കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.
അക്കാദമിക് സേവനത്തിൻ്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന പ്രമുഖ സ്ഥാപനമാണിത്. അന്നേ ദിവസം കൊല്ലത്ത് വെച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (FICEA) അംഗങ്ങളുമായും സിപി രാധാകൃഷ്ണൻ സംവദിക്കും. രാജ്യത്തെ എല്ലാ കയർ കയറ്റുമതി അസോസിയേഷനുകളെയും ഒരൊറ്റ കുടക്കീഴിലാക്കുന്ന സംഘടനയാണ് ഫ്ഐസിഇഎ. നവംബർ 4ന് തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി ഉപരാഷ്ട്രപതി സന്ദർശിക്കും.
കേന്ദ്ര സർക്കാരിൻ്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് ശ്രീചിത്ര. ഉന്നത നിലവാരത്തിലുള്ള രോഗി പരിചരണം, വ്യാവസായിക പ്രാധാന്യമുള്ള സാങ്കേതിക വികസനം, സാമൂഹിക പ്രസക്തിയുള്ള ആരോഗ്യ ഗവേഷണ പഠനങ്ങൾ എന്നിവയിൽ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.