
കൊച്ചി: സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനായി യുകെയിലേക്കും അയർലൻഡിലേക്കും പോകുന്ന റാപ്പ് ഗായകൻ വേടന് (ഹിരൺ ദാസ് മുരളി) പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നൽകാൻ ഹൈക്കോടതി നിർദേശം നൽകി. കേസ് വിവരങ്ങളും കോടതി ഉത്തരവും പരിശോധിച്ചു വേണം പിസിസി നൽകേണ്ടതെന്ന് റീജനൽ പാസ്‌പോർട്ട് ഓഫിസറോടു ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടു.
വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് പാസ്‌പോർട്ട് അധികൃതർ പിസിസി നിഷേധിച്ചതിനെ ചോദ്യം ചെയ്താണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്. കേസുകളിൽ പ്രതിയാണെന്ന പ്രതികൂലമായ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടാണ് ലഭിച്ചതെന്നും, അതിനാൽ സാ സാധാരണ പിസിസിക്ക് പകരം പ്രത്യേക പിസിസി മാത്രമേ അനുവദിക്കാനാകൂവെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.
ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ടു മാത്രം ഒരാളുടെ വിദേശയാത്രാവകാശം പൂർണമായി ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോകാൻ നിയമപരമായി അർഹതയുണ്ടെന്ന മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക പിസിസി അനുവദിക്കാൻ ഉത്തരവിട്ടു. അതേസമയം, വിദേശത്തേക്ക് കടക്കും മുൻപ് ബന്ധപ്പെട്ട കേസ് കോടതികളിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്നും വ്യവസ്ഥയുണ്ട്.
നിലവിൽ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ലഹരിമരുന്ന് കേസിലും പ്രതിയാണ് വേടൻ.