
തിരുവനന്തപുരം : വേതന വർധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന മീറ്റർ റീഡർമാർക്കെതിരെ കർശന നടപടിയുമായി കെഎസ്ഇബി. ജോലിക്ക് എത്താതിരിക്കുന്ന റീഡർമാരുടെ കരാർ അവസാനിപ്പിക്കാൻ ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ സർക്കുലർ വഴി നിർദ്ദേശം നൽകി.
ഇവരിൽ നിന്ന് ബില്ലിങ് മെഷീനുകൾ ഉടനടി തിരികെ വാങ്ങാനും സമരം കാരണം റീഡിങ് തടസ്സപ്പെട്ട സ്ഥലങ്ങളിൽ ശരാശരി ഉപയോഗം കണക്കാക്കി ബിൽ നൽകാനും സർക്കുലറിൽ നിർദ്ദേശമുണ്ട്. കൂടാതെ ഉപഭോക്താക്കൾ സ്വയം റീഡിങ് എടുത്ത് നൽകാൻ അപേക്ഷിച്ചാൽ വ്യവസ്ഥകൾക്ക് വിധേയമായി അതിന് അനുമതി നൽകാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കെഎസ്ഇബി മാനേജ്മെന്റുമായി ചർച്ച നടത്തിയെങ്കിലും വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്ന് കേരള മീറ്റർ റീഡേഴ്സ് യൂണിറ്റി സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. ഒന്നാം തീയതി മുതൽ ആരംഭിച്ച പണിമുടക്കിൽ 1800ഓളം മീറ്റർ റീഡർമാരാണ് പങ്കാളികളാകുന്നത്.
അതേസമയം വർഷങ്ങളായി കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം സമരത്തെ അടിച്ചമർത്താനാണ് കെഎസ്ഇബി ശ്രമിക്കുന്നതെന്ന് കേരള മീറ്റർ റീഡേഴ്സ് യൂണിറ്റി പ്രസിഡന്റ് കണ്ണൻ തലവടി പ്രതികരിച്ചു.