
വാൽപ്പാറ: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ ചുരം അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവാകാമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. മലയോര പാതകളിലെ ഡ്രൈവിംഗിലുള്ള അറിവില്ലായ്മയും അശ്രദ്ധയും അപകടത്തിന്റെ ആക്കം കൂട്ടി എന്നാണ് പ്രാഥമിക നിഗമനം. പൊള്ളാച്ചി ആർടിഒ ഇത് സംബന്ധിച്ച റിപ്പോർട്ട് തമിഴ്‌നാട് സർക്കാരിന് കൈമാറി.
കുത്തനെയുള്ള ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്യാതെ വാഹനം ഓടിച്ചതാകാം നിയന്ത്രണം നഷ്ടമാകാൻ കാരണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.ചുരത്തിലെ അപകടകരമായ വളവുകളിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.അപകടത്തിൽപ്പെട്ട വാനിന് യാതൊരുവിധ സാങ്കേതിക പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
ചുരം റോഡിന്റെ വശങ്ങളിൽ ഉടനീളം ശക്തമായ സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ട്.ഡ്രൈവർ നിലവിൽ ചികിത്സയിലായതിനാൽ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇയാളുടെ മൊഴി കൂടി ലഭ്യമായാൽ മാത്രമേ അപകടത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.അപകടത്തിൽ പരിക്കേറ്റ നാലുപേർ ചികിത്സയിൽ തുടരുകയാണ്.
കോയമ്പത്തൂർ മെഡിക്കൽ കോളേജിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ നില ഗുരുതരമായി തുടരുന്നു. ഇരുവരും തീവ്രപരിചരണ വിഭാഗത്തിലാണ്.ഇതേ ആശുപത്രിയിലുള്ള സഹദിൻ മുഹമ്മദിനെ വാർഡിലേക്ക് മാറ്റി.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണ്.മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാനാണ് വെള്ളിയാഴ്ച വൈകുന്നേരം 5:20-ഓടെ അപകടത്തിൽപ്പെട്ടത്.
കാഴ്ചകൾ കണ്ട് മടങ്ങുന്നതിനിടെ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം വിട്ട വാഹനം 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒൻപതാം വളവിലാണ് വന്നു വീണത്. ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഏഴ് സ്ത്രീകളും ഒരു കുട്ടിയുമടക്കം ഒൻപത് പേർ അപകടത്തിൽ മരണപ്പെട്ടു.