Banner Ads

രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; ആരോഗ്യ വകുപ്പ് പരിശോധന ഊർജിതമാക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശി മൂന്നര വയസ്സുകാരനും കാസർകോട് സ്വദേശി ആറു വയസ്സുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ പാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ 62 വയസ്സുള്ള ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ 5-ന് ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. നിലവിൽ രോഗി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്.

രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇത് കണ്ടെത്താനായി പ്രദേശത്തെ അഞ്ച് ജലസ്രോതസ്സുകളിലെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ ഊർജിതമായ പരിശോധനകൾ തുടരുകയാണ്.